ആഭാദി ചൂർണം
ആഭാ രാസ്നാ ഗുഡൂചീ ച ശതമൂലീ മഹൗഷധം
ശതപുഷ്പാശ്വഗന്ധാ ച ഹപുഷാ വൃദ്ധദാരകഃ
യവാനീ ചാജമോജാ ച സമഭാഗാനി കാരയേത്
സൂക്ഷ്മചൂർണമിദം കൃത്വാ വിഡാലപദകം പിബേത്
മദ്യൈർ മാംസരസൈർ യൂഷസ്തകരുഷ്ണോദകേന വാ
സർപിഷാ വാപി ലേഹ്യന്തു ദധിമണേന വാ പുനഃ
അസ്ഥിസന്ധിഗതം വായും സ്‌നായുമജ്ജാശ്രിതഞ്ച തത്
കടീഗ്രഹം ഗൃദ്ധസീഞ്ച മന്യാസ്‌തംഭം ഹനുഗ്രഹം
യേ ച കോഷ്ഠഗതാ രോഗാസ്താംശ്ച സർവാൻ പ്രണാശയേത്
ആഭാദ്യോ നാമ ചൂർണോടയം സർവവ്യാധിനിബർഹണഃ
(ഭൈഷജ്യരത്നാവലി - ആമവാതചികിത്സ)
കരിവേലപ്പട്ട, അരത്ത, ചിറ്റമൃത്, ശതാവരി, ചുക്ക്, ശതകുപ്പ, അമുക്കുരം, കാക്കക്കൊല്ലിപ്പഴം, മറിക്കുന്നിവേര്, ഓമം, അയമോദകം ഇവ പതിനൊന്നും 48 ഗ്രാം വീതം പൊടിച്ച് ഒരുമിച്ചു ചേർത്ത് ദോഷാനുസാരേണ മദ്യം, മാംസരസം, യൂഷം, തക്രം, ഉഷ്ണജലം, നെയ്യ്, തൈർവെള്ളം ഇവയിലേതെങ്കിലുമൊന്നിൽ ദിവസവും 12 ഗ്രാം വീതം സേവിക്കുന്നതായാൽ അസ്ഥി-സന്ധി-സ്നായു-മജ്ജാശ്രിതമായ വാതവികാരം, കടീഗ്രഹം, ഗൃദ്ധസി, മന്യാസ്തംഭം, ഹനുഗ്രഹം, കോഷ്‌ഠഗതമായ രോഗങ്ങൾ എന്നിവ ശമിക്കും. യുക്തമായ മറ്റു അനുപാനങ്ങളിൽ ചേർത്തു സേവിക്കുന്നതായാൽ എല്ലാ വ്യാധികൾക്കും ഹിതമായതാണ്.